സര്‍വകക്ഷി യോഗത്തിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

210

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വി.ടി ബല്‍റാം എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യന്ത്രിയുടെ മറുപടിയോടെ സഭയില്‍ ബഹളം ആരംഭിച്ചു. കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ നിന്നും പുറത്തേക്ക് പോയി. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് സഭ പിരിഞ്ഞു.വ്യാഴാഴ്ച നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന്‍ എന്നിവരും പ്രതിപക്ഷവും പങ്കെടുത്തിരുന്നു.തലവരിപ്പണം വാങ്ങുന്നത് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത കോളജുകളുടെ ഫീസ് കുറയ്ക്കാനും പ്രവേശനത്തിന് ഒക്ടോബര്‍ ഏഴുവരെ സമയം നീട്ടിക്കിട്ടാനും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിയാരത്തുമാത്രം ഒരു ലക്ഷം രൂപ വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ തലവരിപ്പണം വാങ്ങുന്നത് നിഷേധിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ സഭയില്‍ പറഞ്ഞു. ഇത് തടയാന്‍ മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചതായും ഇക്കാര്യത്തില്‍ തെളിവുകളുണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.എന്നാല്‍ ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്റെ വാദം അംഗീകരിച്ചെന്നും സ്വാശ്രയ കോളജുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു നല്‍കിയ നടപടിയില്‍ പാളിച്ച പറ്റിയെന്നാണ് ഇതിന്റെ അര്‍ഥമെന്നും വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.മോദി കാട്ടിയതിന്റെ നൂറിലൊന്ന് മാന്യത പോലും മുഖ്യമന്ത്രി കാണിച്ചില്ല. സ്വേച്ഛാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ആരോഗ്യമന്ത്രിയടക്കം പങ്കെടുത്ത യോഗത്തെക്കുറിച്ച്‌ മാധ്യങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നു പറയുന്നത് അപഹാസ്യമാണെന്നും ബല്‍റാം പറഞ്ഞു.തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ തലവരിപ്പണവുമായി ബന്ധപ്പെട്ട മാതൃഭൂമി ന്യൂസിന്റെ വാര്‍ത്തയുടെ ദൃശ്യങ്ങളടങ്ങിയ സി.ഡി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭയില്‍ വച്ചു.

NO COMMENTS

LEAVE A REPLY