മാധ്യമപ്രവര്‍ത്തകരുടെ മരണം ; കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

147

തിരുവനന്തപുരം: മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ വള്ളം മറിഞ്ഞ് മരിച്ചതില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും, സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചതെന്നും, ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ദുരന്തമുഖത്ത് വാര്‍ത്താശേഖരണത്തിന് പോയ രണ്ട് പേര്‍ കൃത്യനിര്‍വഹണത്തിനിടെ മരണമടഞ്ഞത് മനസ്സിനെ ഏറെ വേദനിപ്പിക്കുന്നു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിമൂലം അനേകം മരണങ്ങള്‍ സംഭവിച്ചു. ഈ ദു:ഖങ്ങള്‍ക്കിടയിലാണ് കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താസംഘത്തിലെ രണ്ടുപേര്‍ മരണമടഞ്ഞത്. മാതൃഭൂമി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെ.കെ. സജി, ബിപിന്‍ ബാബു എന്നിവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സമൂഹത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. സ്വന്തം തൊഴിലിനോടുളള ആത്മാര്‍ത്ഥതയും കൂറുമാണ് അവരെ ജീവത്യാഗത്തിലേക്ക് നയിച്ചത്. ഇവരുടെ കുടുംബത്തിന് അര്‍ഹമായ എല്ലാം സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു.

NO COMMENTS