പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി

186

തിരുവനന്തപുരം : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാശ നഷ്ടങ്ങള്‍ വിലയിരുത്താന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ഷശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം നല്‍കുക. കൂടാതെ ഇതിനായി സര്‍ക്കാര്‍ സൈറ്റുകളില്‍ ഓണ്‍ലൈന് സംവിധാനവും ഏര്‍പ്പെടുത്തും. അക്ഷയ സെന്റര്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാനാവും. ഇതിനുള്ള തുക സര്‍ക്കാര്‍ നല്‍കും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ മാത്രമേ ഓണ്‍ലൈനിലൂടെ അപേക്ഷിക്കേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഭവനവായ്പകള്‍ക്ക് ഒരു വര്‍ഷം മോറട്ടോറിയം പ്രഖ്യാപിക്കാമെന്ന് ബാങ്കേഴ്സ് സമിതി സമ്മതിച്ചിട്ടുണ്ട്. വീട് പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണിക്ക് അധികവായ്പ അനുവദിക്കുക, അഞ്ചുലക്ഷം വരെയുള്ള അധികവായ്പകള്‍ക്ക് മാര്‍ജിന്‍മണി ഒഴിവാക്കുക എന്നീ തീരുമാനങ്ങളും ബാങ്ക് കൈകൊണ്ടിട്ടുണ്ട്.

ദുരിതാശ്വാസത്തിന്ററ മറവില്‍ നടക്കുന്ന ചൂഷണം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി കുടിശ്ശിക പിരിക്കുന്നത് പ്രതിഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു. ഇതവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. കൂടാതെ തകരാറിലായ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

ആധാര്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ നഷ്ടമായവര്‍ക്ക് അവ ലഭ്യമാക്കുന്നതിനായി ഐ.ടി. അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തും. ഇവ ഒരു കേന്ദ്രത്തില്‍നിന്ന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി പുതിയ സോഫ്റ്റ്വേര്‍ തയ്യാറാക്കും. ഇതിനായി സര്‍ക്കാര്‍ വകുപ്പുകള്‍ അവരുടെ ഡേറ്റാ ബേസ് കൈമാറണം. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ ആദ്യം അദാലത്ത് നടത്തും. പിന്നീട് 30-ന് ഏതെങ്കിലും ഒരു വാര്‍ഡില്‍ പരീക്ഷണാടിസ്ഥാനത്തിലും അദാലത്ത് നടത്തും.

ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. നേരത്തേ ക്യാമ്പു വിട്ടുപോയവര്‍ക്കും തുക നല്‍കും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നല്‍കുക. ഇതിനായി വിവരങ്ങള്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.

മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുമ്പോള്‍, അഴുകിപ്പോകുന്ന മാലിന്യം സ്വന്തം സ്ഥലത്ത് മറവുചെയ്യണം. ചെളിയും മണ്ണും ജലാശയങ്ങളില്‍ നിക്ഷേപിക്കരുത്. തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന പൊതുസ്ഥലത്ത് നിക്ഷേപിക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. പ്ലാസ്റ്റിക് പോലെ അജൈവമാലിന്യങ്ങള്‍ പൊതുസ്ഥലത്ത് സൂക്ഷിക്കണം. ഇവ പിന്നീട് ക്ലീന്‍കേരള കമ്പനി ചുമതലപ്പെടുത്തുന്ന ഏജന്‍സി നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് തിരുവോണദിവസമായ ശനിയാഴ്ചയും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS