:മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നം രമ്യമായി പരിഹരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

172

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നം രമ്യമായി പരിഹരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യം അഡ്വക്കേറ്റ് ജനറലിനെ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മാധ്യമപ്രവര്‍ത്തകരെ തടസപ്പെടുത്തുന്ന അഭിഭാഷകരെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസുമായും മുതിര്‍ന്ന അഭിഭാഷകരുമായും അഭിഭാഷക സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും സഹകരിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും വേണമെന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടതി വ്യവഹാരങ്ങളില്‍ ജനങ്ങള്‍ അറിയേണ്ട അനേകം കാര്യങ്ങളുണ്ട്.അവ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലാണ്. ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കാരണം കോടതി റിപ്പോര്‍ട്ടിങ് എക്കാലത്തേക്കും തടസപ്പെടുന്ന സ്ഥിതി ആശാസ്യമല്ല.-പത്രക്കുറിപ്പില്‍ പറയുന്നു. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമസ്വാതന്ത്ര്യത്തിനു തടസമുണ്ടാക്കുന്ന ഒന്നും അനുവദിക്കാനാവില്ലെന്ന് നേരത്തെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസപ്പെട്ടുകൂടാ. തടസപ്പെടുത്തുന്ന അഭിഭാഷകര്‍ തങ്ങള്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസിലാക്കണം. ദേശീയ, അന്തര്‍ദേശീയ സമൂഹത്തിന്‍റെ ശ്രദ്ധയില്‍പെടുംവിധം മാധ്യമ-അഭിഭാഷക ബന്ധം കലുഷമാവുന്നത് കേരളത്തിന്‍റെ സല്‍കീര്‍ത്തിയെ ബാധിക്കും. അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു തടസമുള്ള നാട് എന്നു കേരളം അറിയപ്പെടുന്നത് കേരളീയര്‍ക്കാര്‍ക്കും അഭിമാനം നല്‍കുന്ന കാര്യമല്ല. എല്ലാ അര്‍ഥത്തിലും സ്വതന്ത്രവും ന്യായയുക്തവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനം സത്യവിരുദ്ധമായ നിലയില്‍ ചിത്രീകരിക്കപ്പെട്ടുകൂടാ. ഇതു ബന്ധപ്പെട്ടവരൊക്കെ മനസിലാക്കണം.-മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY