പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡ് നീക്കത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ടും കൊണ്ടുപോയാല്‍ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം. ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവസ്വംബോര്‍ഡിനു മുന്നറിയിപ്പു നല്‍കി. ശബരിമല ദര്‍ശനത്തിനു വരുന്ന ഭക്തര്‍ക്കു സുരക്ഷയും ശാന്തിയും സൗകര്യവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോര്‍ഡിന്റേതാണ്. അതു മനസ്സിലാക്കി പെരുമാറണം. സാമൂഹിക പരിഷ്‌കരണത്തിന് എതിരെ യാഥാസ്ഥിതികര്‍ എല്ലാക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ട്.എന്നാല്‍ സുപ്രീംകോടതി വിധിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സര്‍ക്കാര്‍ തയാറല്ല. അങ്ങനെ ചെയ്താല്‍ നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തലാകുമതെന്നും പിണറായി പറഞ്ഞു. സന്നിധാനത്തില്‍ ചില ക്രിമിനലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമ്പടിച്ചിരുന്നു. അവര്‍ക്കു കേന്ദ്രമാക്കാനുള്ള സ്ഥലമല്ല ശബരിമല. എല്ലാവര്‍ക്കും ദര്‍ശനത്തിന് പോകാവുന്ന കേന്ദ്രമാണു ശബരിമല. അതിനെ അങ്ങനെയല്ലാതാക്കാനുള്ള ബോധപൂര്‍വ നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.