കോട്ടയം : ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷനുളള അവകാശം സ്ത്രീയ്ക്കും ഉണ്ടെന്നാണ് എല്‍ഡിഎഫ് നിലപാട്. ആരാധനയുടെ കാര്യത്തില്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശമുണ്ട്. സുപ്രീം കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി കോട്ടയത്തെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പറഞ്ഞു.
ആര്‍എസ്‌എസ് ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. അതിന് കേരളം സാക്ഷ്യം വഹിച്ചതാണ്. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടമായി ആക്രമിക്കപ്പെട്ടു. ഇതിനുമുന്‍പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. പരിശീലനം ലഭിച്ച ക്രിമിനലുകളെ കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നും സംഘപരിവാര്‍ കൊണ്ടുവന്നു. സംഘവരിവാറില്‍ തന്നെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരുണ്ട്. ആ സംഘവും അവിടെയെത്തിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധക്കാര്‍ പ്രതിഷേധക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധം ആള്‍ക്കാരെ തടയുകയും ഭക്തരെ പരിശോധിക്കുകയും ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഘവരിവാറിന്റെ നേതൃത്വത്തില്‍ നടന്നത്. ശബരിമലയെ തകര്‍ക്കാനുളള നീക്കമാണ് നടക്കുന്നത്.ഇപ്പോഴത്തെ സമരം കേരള സര്‍ക്കാരിന് എതിരെയല്ല. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെയാണ് സമരം ചെയ്യുന്നത്. സുപ്രീം കോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കേരളത്തിലെ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. എല്‍ഡിഎഫ് അല്ല മറ്റേത് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നാലും അവര്‍ക്കൊന്നും ചെയ്യാനാവില്ല. അങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് ഇതില്‍ ഇടപെട്ട് ഒരു പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.