നാല് തലമുറയ്‌ക്കു വേണ്ടി മോഷ്‌ടിച്ചുവച്ചതെല്ലാം പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി

173

മദ്ധ്യപ്രദേശ് : നാല് തലമുറയ്‌ക്കു വേണ്ടി മോഷ്‌ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ പേരില്‍ സാധാരണക്കാര്‍ കരയുന്നില്ല, എന്നാൽ അതിന്റെ പേരില്‍ ഇപ്പോഴും കരയുന്നത് കോണ്‍ഗ്രസ്സാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കള്ളക്കടത്തുകാരില്‍ നിന്നും പണം തിരിച്ചെടുക്കുവാനുള്ള പോരാട്ടം താന്‍ ഇനിയും തുടരുമെന്നും മോദി പറ‌ഞ്ഞു. മദ്ധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

നോട്ട് നിരോധനത്തിന്റെ ആദ്യ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതില്‍ താന്‍ പരസ്യമായി മാപ്പു പറഞ്ഞെന്നും മോദി പറഞ്ഞു. മകനെ നഷ്ടപ്പെട്ട പ്രായമായ പിതാവിന് പോലും ഒരു വര്‍ഷം കൊണ്ട് ആ ദുഖത്തില്‍നിന്നും കരകയറാന്‍ സാധിക്കും. എന്നാല്‍, രണ്ടുവ‌ര്‍ഷമായിട്ടും നോട്ടു നിരോധനത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് കരകയറാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് എത്ര മാത്രം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കൂവെന്നും പ്രധാനമന്തി പറഞ്ഞു.

കള്ളന്മാര്‍ കിടക്കയ്ക്കടിയിലും, ചാക്കുകളിലും അലമാരകളിലും, ബാങ്കുകളിലും സൂക്ഷിച്ചു വച്ച പണം നിങ്ങളുടേതാണ്. ആ പണം തിരിച്ചുപിടിക്കാന്‍ നോട്ടു നിരോധനം കൊണ്ട് സാധിച്ചു. ഇവ ഉപയോഗിച്ച്‌ ശൗചാലയങ്ങളും വീടുകളും നിര്‍മ്മിക്കുകയും, കര്‍ഷകര്‍ക്ക് ജലസേചനം ഉറപ്പുവരുത്തുകയും ചെയ്തുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

NO COMMENTS