തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വനിതാമതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ സംഘടിപ്പിക്കുക. കേരളത്തെ ഭ്രാന്താലയമാക്കരുന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും വനിതാ മതില്‍. നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന സാമൂഹ്യ സംഘടനകളുടെ യോഗം സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കാലത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനുളള ചര്‍ച്ചയില്‍ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാനെന്ന ഭാവം എന്‍എസ്എസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന് തുല്ല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്ന കാര്യം ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ നീക്കം ഒരു ചെറിയ വിഭാഗമാണെങ്കിലും ശക്തിപ്പെടുത്തിയ സന്ദര്‍ഭത്തില്‍ വനിതകളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പരിപാടി സംസ്ഥാനത്ത് സംഘടിപ്പിക്കണമെന്ന ആശയം യോഗത്തില്‍ ഉയര്‍ന്നു വന്നു. ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള നവോത്ഥാന സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ആര്‍ക്കും ഇരുണ്ടകാലത്തേക്ക് തള്ളിവിടാനാകില്ലെന്നും അതിന് ഞങ്ങള്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഒരു ജനറല്‍ കൗണ്‍സില്‍ സംഘടിപ്പിക്കും.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ സമിതി ചെയര്‍മാനാകും. പുന്നല ശ്രീകുമാര്‍ സംഘാടക സമിതി കണ്‍വീനറാകും. വിദ്യാസാഗര്‍, വി രാഘവന്‍ (വൈസ് ചെയര്‍മാന്മാര്‍) സി ആര്‍ ദേവദാസ്, സി പി സുഗതന്‍, ഇ എന്‍ ശങ്കരന്‍ (ജോ. കണ്‍വീനര്‍മാര്‍), സോമപ്രസാദ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാകും. എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ കെ. രാമഭദ്രന്‍, പി.കെ. സജീവ്, രാജേന്ദ്ര പ്രസാദ്, എന്‍ കെ നീലകണ്ഠന്‍, എം വി ജയപ്രകാശ്, അഡ്വ. കെ ആര്‍ സുരേന്ദ്രന്‍, കരിംപുഴ രാമന്‍, ഭാസ്‌കരന്‍ നായര്‍, സീതാ ദേവി, ടി പി കുഞ്ഞുമോന്‍, എ കെ സുരേഷ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.