കണ്ണൂര്‍ : കണ്ണൂരിലെ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടായത് യു ഡി എഫ് ഭരണത്തിന്റെ അനാസ്ഥയും പിടിപ്പുകേടും മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2001-2006 യു ഡി എഫ് ഭരണ കാലത്ത് വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള യാതൊരു നടപടിയുമുണ്ടായില്ല. 2006ല്‍ വി എസ് സര്‍ക്കാര്‍ വന്നപ്പോഴാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ ആരംഭിച്ചത്. 2011-2016 കാലത്തെ യു ഡി എഫ് ഭരണത്തില്‍ ചില തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും വിമാനത്താവളം പൂര്‍ത്തിയാക്കാനായില്ല. എന്നിട്ടും അത് യാഥാര്‍ഥ്യമായെന്നു വരുത്തിത്തീര്‍ക്കാന്‍ ഒരു ഉദ്ഘാടനം നടത്തി. എന്തായിരുന്നു അന്ന് ഉദ്ഘാടനം ചെയ്തതെന്ന് അറിയില്ല. അടിയന്തര ഘട്ടത്തില്‍ എവിടെയും ഇറക്കാവുന്ന എയര്‍ ഫോഴ്‌സ് വിമാനം ഇറക്കിയായിരുന്നു പ്രഹസന ഉദ്ഘാടനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങള്‍
ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണ നീക്കങ്ങളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.