വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി

138

തിരുവനന്തപുരം: അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും വനിതാ മതില്‍ വന്‍തോതില്‍ വിജയിക്കാന്‍ പോകുന്നു എന്നതിലുള്ള പ്രതിപക്ഷത്തിന്റെ ഉല്‍ക്കണ്ഠയെയാണ് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ അതിഗംഭീരമായ വിജയമാകാന്‍ പോകുന്നു എന്നുറപ്പായതോടെ അതില്‍ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താല്‍പര്യക്കാര്‍ വ്യാപകമായി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണ്

നവോത്ഥാനത്തിന്റെ തുടര്‍ച്ച ലക്ഷ്യംവെച്ചുകൊണ്ട് നടത്തുന്ന മുന്നേറ്റം എന്ന നിലക്ക് വനിതാ മതിലില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ അണിനിരക്കും എന്നത് വ്യക്തമാണ്. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ സ്ത്രീസമത്വപ്രശ്‌നം മുന്‍നിര്‍ത്തിയുള്ള ഈ മുന്നേറ്റത്തില്‍ പങ്കെടുക്കാന്‍ സ്വമേധയാ എത്തുന്നു എന്നത് സ്ഥാപിത താല്‍പര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയില്‍നിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കല്‍ തന്ത്രങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതില്‍. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയില്‍ രൂപപ്പെടുന്ന വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോവില്ല എന്ന് വനിതാ മതില്‍ തന്നെ ജനുവരി ഒന്നിന് തെളിയിക്കും.

സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള പണം വനിതാ മതില്‍ രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കില്ല എന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാര്‍ പണം കൊണ്ടാണ് വനിതാ മതില്‍ ഉയര്‍ത്താന്‍ പോകുന്നത് എന്ന നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അസത്യം പലകുറി ആവര്‍ത്തിച്ചാല്‍ ചിലരെങ്കിലും അത് സത്യമാണെന്നു കരുതുമെന്ന ചിന്തയാവണം ഇവരെ നയിക്കുന്നത്. കോടതിയില്‍ കൊടുത്ത ഒരു രേഖയെക്കുറിച്ച് പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ പണമുപയോഗിച്ച് വനിതാ മതില്‍ ഉണ്ടാക്കില്ല എന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. തെറ്റിദ്ധരിപ്പിക്കല്‍ എല്ലാ അതിരും വിടുന്ന നിലയിലാവുകയാണ്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ അതില്‍ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തെറ്റിദ്ധാരണ പടര്‍ത്തല്‍. ഇത് വിജയിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS