സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

172

തിരുവനന്തപുരം : സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. എസ്.എഫ്.ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല.

അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു. തന്റെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം പുതിയ തലമുറക്ക് ആവേശവും പ്രചോദനവും പകര്‍ന്നു കൊണ്ടിരുന്നു. വിശ്രമമില്ലാതെ അവസാന നിമിഷം വരെ അദ്ദേഹം ആശയപ്രചാരണ രംഗത്തുണ്ടായിരുന്നു.

ശരീരം തളര്‍ന്ന ശേഷമാണ് ബ്രിട്ടോ സാഹിത്യരചനയില്‍ മുഴുകിയത്. അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരുടെ വലിയ അംഗീകാരം പിടിച്ചുപറ്റി. നിയമസഭാംഗമെന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രിട്ടോ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറക്കും എന്നും ആവേശമായിരിക്കും. ബ്രിട്ടോയുടെ ആകസ്മിക വേര്‍പാട് കമ്യൂണിസ്റ്റ്പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

NO COMMENTS