കണ്ണൂര്‍• സര്‍ക്കാരിനോടു സഹകരിക്കാതെ, ഉയര്‍ന്ന ഫീസ് വാങ്ങി നടത്തുന്ന കോളജുകള്‍ക്ക് എതിരെയാണു പ്രതിപക്ഷം സമരം നടത്തേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാവിലായിയില്‍ എകെജി സഹകരണ ആശുപത്രി നഴ്സിങ് കോളജ് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കോളജുകള്‍ തോന്നിയപോലെ ഫീസ് വാങ്ങുമ്ബോള്‍, കരാര്‍ ഒപ്പിട്ട കോളജുകളുടെ പേരില്‍ സമരം നടത്തുന്നത് ഇരട്ടത്താപ്പാണ്. പ്രവേശനത്തിനു കരാര്‍ ഒപ്പിടാത്ത മൂന്നു കോളജുകള്‍ ഒപ്പിടുമെന്നു പ്രചാരണം നടത്തുകയും പിന്നീടു മലക്കം മറിയുകയുമാണു ചെയ്തത്. കരാര്‍ പാലിക്കുന്ന കോളജുകള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫീസ് ഈടാക്കുമ്ബോള്‍, ഒപ്പിടാത്ത കോളജുകള്‍ പത്തു ലക്ഷം രൂപ വരെയാണു ഫീസ് വാങ്ങുന്നത്.
കോടതി നിര്‍ദേശപ്രകാരമാണിത്. ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നീറ്റ് പട്ടിക പ്രകാരം പ്രവേശനത്തിനു സുപ്രീം കോടതി നിര്‍ദേശമുണ്ട്. ഇതു നടപ്പിലാക്കാനുള്ള ചുമതലയും സര്‍ക്കാരിനുണ്ട്. സമരം നടത്തുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കണം.’ പിണറായി വിജയന്‍ പറഞ്ഞു.