തിരുവനന്തപുരം: ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ പി.കെ ശ്രീമതി മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടി അറിഞ്ഞല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മരുമകളെ നിയമിച്ചത് പാര്‍ട്ടി അറിവോടെയായിരുന്നുവെന്ന് പി.കെ ശ്രീമതി തന്റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കുകയും വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി.കെ ശ്രീമതിയെ പരസ്യമായി തള്ളിക്കൊണ്ട് പിണറായി രംഗത്ത് വന്നത്.
പേഴ്സണല്‍ സ്റ്റാഫ് നിയമനം അതത് മന്ത്രിമാര്‍ക്ക് നടത്താമെന്നാമായിരുന്നു അന്നത്തെ പാര്‍ട്ടി നിലപാട്.അതുകൊണ്ട് തന്നെ പാര്‍ട്ടി അക്കാര്യം അറിഞ്ഞിരുന്നില്ല. പക്ഷെ അവര്‍ക്ക് പ്രമോഷന് വേണ്ടി അപേക്ഷിച്ചപ്പോഴാണ് അത് ശ്രീമതിയുടെ മരുമകളാണ് എന്ന് പാര്‍ട്ടി അറിഞ്ഞത്. ഇത് ശരിയല്ലെന്ന് കണ്ട് അന്ന് തന്നെ നിയമനം പാര്‍ട്ടി റദ്ദാക്കിയിരുന്നുവെന്നും പിണറായി കോഴിക്കോട് പറഞ്ഞു.
ബന്ധുനിയമനം ഗൗരവമുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ കൂട്ടായി ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയല്ല സി.പി.എം. പ്രതിഛായ തകര്‍ന്നുവെന്നത് പ്രതിപക്ഷ വിമര്‍ശനമാണെന്നും പിണറായി പറഞ്ഞു.
ബന്ധുനിയമന വിവാദം പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചുവെന്നതില്‍ സംശയമില്ല എന്ന വി.എസിന്റെ പരാമര്‍ശത്തോടായിരുന്നു പിണറായിയുടെ ഈ പ്രതികരണം.