കൊച്ചി• കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല. അഭിഭാഷകരുടെ കടന്നുകയറ്റം തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.ജഡ്ജിമാരുടെ അതേ അധികാരം അഭിഭാഷകര്‍ക്കുമുണ്ടെന്നു തെറ്റിദ്ധരിക്കരുത്. നിയമം തെറ്റിക്കപ്പെടാതെ നോക്കാന്‍ സര്‍ക്കാരിനു ചുമതലയുണ്ട്. ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ നീക്കങ്ങളാണിത്. അവരെ ഒറ്റപ്പെടുത്തണം. ചീഫ് ജസ്റ്റിസിന്റെ തീരുമാനം വരെ ഇക്കൂട്ടര്‍ അട്ടിമറിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ ആരു കയറണം കയറേണ്ട എന്നു തീരുമാനിക്കുന്നത് അഭിഭാഷകരല്ല. മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് നിയമലംഘനമാണ്. നിയമം ലംഘിച്ചാല്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. നിയമം ലംഘിച്ചാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കോടതികള്‍ ഈ രാജ്യത്തിന്റെതാണെന്ന് അഭിഭാഷകര്‍ ഓര്‍മിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ആര്‍ക്കും മാധ്യമസ്ഥാപനം തുടങ്ങാമെന്ന സാഹചര്യമാണു രാജ്യത്തുള്ളത്. മാധ്യമ മേഖലയിലെ വിദേശ നിക്ഷേപം തൊഴില്‍ സുരക്ഷയെ ബാധിക്കും. കോര്‍പ്പറേറ്റുകള്‍ മാധ്യമ മേഖല കയ്യടക്കുന്ന സാഹചര്യമാണുള്ളത്. വാര്‍ത്തകള്‍ക്കു കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അഭിപ്രായം വരുന്നു. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.