പാലക്കാട് • സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പുരസ്കാര വിതരണം നടക്കുന്ന വേദിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന പരിപാടിയിലേക്ക് പ്രതിഷേധ പ്രകടനം നടക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അവാര്‍ഡ് സമര്‍പ്പണവേദിയായ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പരിസരത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഡോ. എ.ശ്രീനിവാസ്, എഎസ്പി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറില്‍പരം പൊലീസ് സേനാംഗങ്ങളാണ് ഗതാഗത നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി രംഗത്തിറക്കിയത്.
വേദിക്കു മുന്നിലുള്ള ഐഎംഎ- സ്റ്റേഡിയം സ്റ്റാന്‍ഡ് ബൈപാസ് റോഡിലും സമീപത്തുള്ള സുല്‍ത്താന്‍പേട്ട- സ്റ്റേഡിയം സ്റ്റാന്‍ഡ് റോഡിലും ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഗതാഗതം നിര്‍ത്തിവച്ചിരുന്നു. നഗരത്തിലാകെ മൂന്നു മണി മുതല്‍ രാത്രി 10 മണി വരെ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.