തിരുവനന്തപുരം: ജയരാജന്‍റെ ബന്ധു സുധീര്‍ നമ്പ്യാരുടെ നിയമനത്തെ കുറിച്ച് താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ തന്റെ പരിഗണനയില്‍ വരേണ്ട കാര്യമില്ലെന്നും ഇതിനുള്ള അധികാരം വകുപ്പു മന്ത്രിക്കുണ്ടെന്നും പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. എന്നാല്‍ നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനങ്ങളെന്നതിന് തെളിവുണ്ടെന്നും അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാനാവില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി. സതീശന്‍ പറഞ്ഞു.
എന്നാല്‍ തത്തയുടെ കാല്‍ തല്ലിയൊടിച്ച് ചിറകരിഞ്ഞ് കളിപ്പിക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതാണ് തങ്ങളുടെ രീതിയെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിനു നല്‍കിയ മറുപടി. മൂല്യങ്ങള്‍ ഉള്ളതിനാലാണ് ജയരാജന്‍ രാജിവെച്ചതെന്നും ഇതു മനസ്സിലാക്കാന്‍ പ്രതിപക്ഷത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.