തിരുവനന്തപുരം• കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്‍എസ്‌എസിന്‍റെ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്‍റെ അഭിപ്രായത്തോടു യോജിപ്പില്ല. ആര്‍എസ്‌എസിന്‍റെ ബോധപൂര്‍വമായ ഇടപെടലാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിലെ സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫിന്‍റെ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷക്കാലത്തെ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ എണ്ണത്തില്‍ കണ്ണൂരിന് ആറാം സ്ഥാനം മാത്രമാണ്. ഒന്നാമത് തിരുവനന്തപുരമാണ്. മറ്റെവിടെയും നടക്കാത്തതു കണ്ണൂരില്‍ നടക്കുന്നുവെന്നാണു പ്രചാരണം. പയ്യന്നൂര്‍ കൊലപാതകമാണ് കണ്ണൂരിലെ സ്ഥിതി ഗുരുതരമാക്കിയത്. ആര്‍എസ്‌എസ് സമാധാന ശ്രമങ്ങളോടു സഹകരിക്കുന്നില്ല. ആറ് സമാധാനയോഗങ്ങളില്‍ ആര്‍എസ്‌എസ് പങ്കെടുത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയ ശേഷം ഏഴു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്ന് കെ.സി.ജോസഫ് പറഞ്ഞു. ആര്‍എസ്‌എസിന്‍റെ രാഷ്ട്രീയ അജന്‍ഡയ്ക്ക് സിപിഎം വഴിയൊരുക്കുന്നു. അതിനിടെ, കെ.സി.ജോസഫിന്‍റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷാംഗംങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.