തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് നിലനില്‍ക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരെ തടയുന്ന അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറയുമ്ബോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനാകുന്നില്ലെന്നും സൂചി കൊണ്ട് എടുക്കാമായിരുന്ന വിഷയം ബോംബ് കൊണ്ടു പോലും ഇപ്പോള്‍ എടുക്കാനാവുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. വഞ്ചിയൂര്‍ കോടതി വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് മറുപടിയായി ജോലി ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അത് തടഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രശ്നപരിഹാരം ഒരു കൂട്ടം ആളുകള്‍ക്ക് ബാധകമല്ലെന്ന നടപടി അംഗീകരിക്കാനാവില്ല. അത്തരം നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോടതിയിലെ പ്രശ്നങ്ങള്‍ തുടരുന്നതില്‍ ന്യായീകരണമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.