പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനും പൂട്ടാനുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം അവസാനിപ്പിക്കണം : മുഖ്യമന്ത്രി

179

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനും പൂട്ടാനുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം പിന്‍വലിക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ കേന്ദ്രനിക്ഷേപം വര്‍ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ഇതുസംബന്ധിച്ച്‌ എസ്. ശര്‍മ്മ അവതരിപ്പിച്ച ഉപക്ഷേപത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയമാണു നിയമസഭ ഏകകണ്ഠേന പാസാക്കിയത്. കൊച്ചി കപ്പല്‍ശാലയുടെ 25% ഓഹരികള്‍ വില്‍ക്കാനും ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് പൂട്ടാനുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം പിന്‍വലിക്കണം. ബി.പി.സി.എല്ലിനു കീഴിലുള്ള അസംസ്കൃത വസ്തുക്കള്‍ എച്ച്‌.ഒ.സി.എല്ലിനു നല്‍കാന്‍ നടപടിയെടുക്കുകയും ഫാക്‌ട് പുനരധിവാസ പാക്കേജ് അംഗീകരിച്ചു നടപ്പിലാക്കുകയും വേണമെന്ന് പ്രമേയം പറയുന്നു. 2012- 13 ല്‍ കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം 2.2% മാത്രമായിരുന്നു. 2013- 14 ല്‍ അത് 1.43 ശതമാനമായി കുറഞ്ഞു. എന്നാല്‍ മഹാരാഷ്ട്രയില്‍ 16.92%, ആന്ധ്രാപ്രദേശില്‍ 7.26%, തമിഴ്നാട്ടില്‍ 6.8% എന്നിങ്ങനെയായിരുന്നു കേന്ദ്ര നിക്ഷേപത്തിന്‍റെ തോത്. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാന്‍ കേന്ദ്രം നീക്കം നടത്തുന്പോള്‍ അവ നിലനിര്‍ത്താനും തൊഴിലാളികളെ സംരക്ഷിക്കാനുമാണു സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY