ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്തു നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

160

തിരുവനന്തപുരം∙ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്തു നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്ക്തല റാങ്കിങ്ങിനു പകരം സംസ്ഥാനതല റാങ്കിങ് നടത്താനും തീരുമാനിച്ചു. താലൂക്ക്തല റാങ്കിങ് നടത്തി കരട് മുന്‍ഗണന / മുന്‍ഗണന-ഇതര പട്ടിക പ്രസിദ്ധീകരണത്തിനു തയാറായിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നു വന്നതിന്‍റെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. പുതിയ റേഷന്‍ കാര്‍ഡ് 2016 ഡിസംബറിനുള്ളില്‍ വിതരണം ചെയ്യും.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1,54,80,040 പേരാണു മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്തു ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങളാണു മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടത്. താലൂക്ക്തല റാങ്കിങ് പ്രകാരം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നോക്ക പിന്നാക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരേ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതു മൂലം അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കി സംസ്ഥാനമൊട്ടാകെ അര്‍ഹതയുള്ള എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനു സംസ്ഥാനതല റാങ്കിങ് സഹായിക്കും

NO COMMENTS

LEAVE A REPLY