മലപ്പുറം സ്ഫോടനത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണവും പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ ശ്രമവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.ടി ബാലന്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സ്ഫോടനം ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ഉദ്ദേശിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണെങ്കിലും മലപ്പുറം സ്ഫോടനം സര്‍ക്കാര്‍ ഗൗരമായിത്തന്നെ കാണുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കേസ് അന്വേഷിക്കും. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന ഏതൊരു ശ്രമത്തെയും പ്രതിരോധിക്കാന്‍ എല്ലാവരുടെയും ഒറ്റക്കെട്ടായി ശ്രമിക്കണം. ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ ലഘുലേഖ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. ഇത് യഥാര്‍ത്ഥത്തിലുള്ള ഒരു സംഘടനയാണോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ എന്നിങ്ങനെയുള്ള് കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എം.എല്‍.എ പി. ഉബൈദുല്ലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. ബേസ് മൂവ്മെന്റ് എന്നൊരു സംഘടനയെപ്പറ്റി മലപ്പുറത്തുകാര്‍ക്ക് അറിയില്ല. ഈ സംഘടനയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ നിരോധിത തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധമുണ്ടോയെന്ന കാര്യവും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ട്. കൊല്ലത്ത് നടന്ന സ്ഫോടനത്തെക്കാളും കൂടുതല്‍ വാര്‍ത്താ പ്രധാന്യം മലപ്പുറത്തിന് ലഭിക്കുന്നതും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രതിപക്ഷം വാഗ്ദാനം ചെയ്തു. ഈ വിഷയത്തില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ അന്വേഷണ ഔര്‍ജ്ജിതമാക്കണം. കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണം. കൊല്ലത്തെ സ്ഫോടനത്തിലെ പ്രതികളെ കണ്ടെത്താനാവാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായി. എന്നാല്‍ ഇത്തരത്തില്‍ തീവ്ര സ്വഭാവമുള്ള സംഭവങ്ങളെ സാധാരണ കുറ്റകൃത്യങ്ങളായി പരിഗണിച്ച് സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.