തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളിലും സംസ്ഥാന സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളിലും പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യക്ഷ സമരത്തിന്. മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യഗ്രഹമിരിക്കും. നാളെ രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സമരം. തുടര്‍ന്ന് പ്രതിപക്ഷത്തെയടക്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഭാവി സമര പരിപാടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സര്‍വകക്ഷി യോഗത്തിലേക്ക് ബി.ജെ.പിയെയും ക്ഷണിക്കുമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളപ്പണത്തിനെതിരായ നീക്കങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ നടപടികള്‍ കള്ളപ്പണക്കാരെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് സന്നദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.