തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തിരുവനന്തപുരത്ത് ആര്‍ബിഐക്ക് മുന്നില്‍ ഒരു പകല്‍ നീണ്ട സംസ്ഥാന സര്‍ക്കാറിന്‍റെ സമരം. ജനങ്ങളുടെ മെക്കിട്ട് കയറിയാല്‍ കയ്യും കെട്ടിയിരിക്കില്ലെന്ന് സമരം നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാവിലെ സമരത്തിന് തുടക്കമിട്ട മുഖ്യമന്ത്രി വൈകീട്ട് സമാപന പ്രസംഗത്തില്‍ ഏറയും വിമര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയായിരുന്നു. നോട്ട് പിന്‍വലിച്ച നടപടി ചോര്‍ത്തി നല്‍കിയെന്ന കുമ്മനത്തിന്റെ ആരോപണത്തിന് തെളിവൊന്നും നല്‍കാനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ രാജസ്ഥാനിലെ എംഎല്‍എയോട് പോയി ചോദിക്കണമെന്നും വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാരിനെ സുപ്രീം കോടതി വരെ വിമര്‍ശിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തിനെതിരെ യുദ്ധപ്രഖ്യാപനത്തിന് തങ്ങളില്ല. എന്നാല്‍ ജനങ്ങളോടും സഹകരണമേഖലയോടും യുദ്ധം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമാണ്. പ്രധാനമന്ത്രി നല്ല കാര്യങ്ങള്‍ ചെയ്തപ്പോള്‍ അത് തുറന്ന് പറഞ്ഞ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ മേല്‍ മെക്കിട്ട് കേറാന്‍ വന്നാല്‍ അത് അംഗീകരിക്കില്ലെന്നും പിണറായി പറഞ്ഞു. ബദല്‍ സംവിധാനമില്ലാതെ പ്രചാരമുള്ള നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത് സമചിത്തതയില്ലാത്ത നടപടിയാണ്. സഹകരണബാങ്കില്‍ നേതാക്കള്‍ക്ക് കള്ളപ്പണമുണ്ടെങ്കില്‍ കണ്ടുപിടിക്കാമെന്നും ബിജെപിക്ക് മറുപടിയായി പിണറായി പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ രാജ്യത്ത് അരാജകത്വമുണ്ടാക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സമരം ചെയ്യുന്ന ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ച യുഡിഎഫിനുമെതിരായ നിലപാട് ബിജെപി ആവര്‍ത്തിച്ചു.