കേരളപ്പിറവി ദിനാഘോഷത്തില്‍ ഗവര്‍ണ്ണറെ ക്ഷണിക്കാന്‍ മറന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

175

തിരുവനന്തപുരം: കേരളപ്പിറവി ദിനാഘോഷത്തില്‍ ഗവര്‍ണ്ണറെ ക്ഷണിക്കാന്‍ മറന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ഇപ്പോഴത്തേത് പോലുള്ള പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നും ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ മറ്റൊരു ചടങ്ങില്‍‍ ഗവര്‍ണ്ണറെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘വജ്ര കേരളം’ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന വിമര്‍ശനത്തിനാണ് പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയത്. നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഗവര്‍ണ്ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംസാരിക്കാന്‍ അനുവദിക്കൂ. ചില സമയങ്ങളില്‍ അദ്ദേഹത്തിന്‍റെ പ്രത്യേക അനുവാദം വാങ്ങി കുറച്ചു പേരെക്കൂടി ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അറുപതിലധികം പേര്‍ പങ്കെടുക്കുന്ന ഇന്നത്തെ ചടങ്ങില്‍ ഒരു തരത്തിലും ഗവര്‍ണ്ണറെ പങ്കെടുപ്പിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങിലും പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതിനാലാണ് ഇവിടെ അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്. എന്നാല്‍ വജ്ര കേരളം പരിപാടി ഇന്ന് തുടങ്ങി ഇന്ന് തന്നെ തീരുന്ന പരിപാടി അല്ലെന്നും ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്കിടെ മറ്റൊരു ചടങ്ങില്‍ ഗവര്‍ണ്ണറെ പങ്കെടുപ്പിക്കുമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അടക്കമുള്ളവരുമായി ആലോചിച്ച്‌ സംഘടിപ്പിച്ചതാണ് വജ്ര കേരളം പരിപാടി. ഇനി ഗവര്‍ണ ക്ഷണിക്കേണ്ട പരിപാടി ഏതാണെന്നും കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY