കുട്ടികളെ തട്ടികൊണ്ടു പോകല്‍ ; ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

305

തിരുവനന്തപുരം: ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച്‌ സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.
https://www.facebook.com/PinarayiVijayan/posts/1637306846361139

NO COMMENTS