വനിത മതില്‍ ചരിത്ര വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

120

തിരുവനന്തപുരം: വനിത മതില്‍ ചരിത്ര വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിത മതിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച്‌ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീ സമൂഹം ഒന്നാകെ വനിത മതിലിനൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാരിന്‍റെ 50 കോടി രൂപ വനിതാ മതിലിന് ചെലവഴിക്കുമെന്ന് പറ‍ഞ്ഞെങ്കിലും ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇതിന് ചെലവായിട്ടുണ്ടെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നു.

ബന്ത് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്. സര്‍ക്കാര്‍ മെഷീനറി പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍രെ ആജ്ഞയ്ക്ക് കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഔദ്യോഗിക മെഷിനറി പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വനിതാമതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നഗരപ്രദേശങ്ങളില്‍ മതിലിനു വാഹനങ്ങളില്‍ ആളെ എത്തിച്ചുവെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും മതില്‍ പൊളിയുകയാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS