കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ മനപ്പൂര്‍വം മാറ്റി നിര്‍ത്തിയെന്ന് പി.ജെ ജോസഫ്. തന്നോടും ജോസ് കെ മാണിയോടും പാര്‍ട്ടി നേതൃത്വം ഇരട്ട നീതി കാണിച്ചു. യു.ഡി.എഫിനൊപ്പം നിന്ന് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായി പോരാട്ടം തുടരുമെന്നും ജോസഫ് പറഞ്ഞു.
അതേസമയം പി ജെ ജോസഫിനോട് ഒരു തരത്തിലുള്ള നീതി നിഷേധവും കാട്ടിയിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു. പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണെന്നും ജോസ് കെ മാണി പറഞ്ഞു.
ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുന്നിലെത്തി. സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏകാഭിപ്രായം രൂപപ്പെട്ടില്ല. തുടര്‍ന്ന് സ്റ്റിയറിംഗ് കമ്മറ്റി ചേരുകയും അവിടെ വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നു വരികയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.