കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ജോസ് കെ മാണി. കെ സുരേന്ദ്രന്റെ പ്രതികരണവും പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്കാണോ അതോ ബിജെപിക്കൊപ്പം ചേരുമോ എന്ന ആകാംഷ മുറുകുകയാണ്.കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുടെ തര്‍ക്കമാണ് ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിന് പുറത്തേക്കുളള വഴി തുറന്നത്. ജോസ് കെ മാണിയെ തിരിച്ച് വിളിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന യുഡിഎഫ് നേതൃത്വം പിജെ ജോസഫിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു.
മറുവശത്ത് യുഡിഎഫില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ജോസ് കെ മാണിയെ ഒഴിവാക്കി കോണ്‍ഗ്രസ് കൂടെ നിര്‍ത്തിയ പിജെ ജോസഫ് പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ ഉന്നമിടുന്ന കോണ്‍ഗ്രസിന് ജോസഫ് നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ച ഘട്ടത്തില്‍ യുഡിഎഫില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ പിജെ ജോസഫിനൊപ്പം തന്നെ കോണ്‍ഗ്രസും യുഡിഎഫും ഉറച്ച് നിന്നു. ജോസ് കെ മാണിയുമായി ഇനി ചര്‍ച്ച ഇല്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചു.
ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ എത്തില്ലെന്നത് ഉറപ്പായ സാഹചര്യത്തില്‍ യുഡിഎഫിനുളളില്‍ ഇനി ചര്‍ച്ച കോട്ടയത്തെ സീറ്റുകള്‍ ആണ്. കോട്ടയത്ത് ജോസ് കെ മാണി വിഭാഗം മത്സരിച്ചിരുന്ന സീറ്റുകള്‍ സ്വന്തമാക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകളിലേക്ക് ആരും നോട്ടമിടേണ്ട എന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസിന് പിജെ ജോസഫ് നല്‍കിയിരിക്കുന്നത്.
സീറ്റുകളെ കുറിച്ചുളള മോഹങ്ങള്‍ പത്രങ്ങളില്‍ എഴുതിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നീക്കം സംബന്ധിച്ചുളള മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി പിജെ ജോസഫ് പറഞ്ഞു. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും അടക്കമുളള മണ്ഡലങ്ങള്‍ വി്ട്ട് നല്‍കാന്‍ സാധിക്കില്ല. ജോസ് കെ മാണി മുന്നണി വിട്ടതോടെ ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരും ജോസ് പക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായും ജോസഫ് വ്യക്തമാക്കി.