കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പി ജെ ജോസഫ്. യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കുമോ എന്ന ചോദ്യത്തിന് ചിഹ്നം നല്‍കുന്നതില്‍ സാങ്കേതികപ്രശ്‌നമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് കെ എം മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോമിന്റെ പേര് പാലായിലെ സ്ഥാനാര്‍ഥിയായി യു ഡി എഫ് പ്രഖ്യാപിച്ചത്.നേരത്തെ, രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചിരുന്നു. ചിഹ്നത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും ജോസ് കെ മാണി പറയുന്ന ചിഹ്നത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ.എം. മാണിയുടെ പടം വെച്ച് മത്സരിച്ചാലും പാലായില്‍ ജയം ഉറപ്പാണെന്നും ജോസ് ടോം അവകാശപ്പെട്ടിരുന്നു.
എന്നാല്‍ തിങ്കളാഴ്ച രാവിലെ ജോസ് ടോം നിലപാട് മാറ്റി. രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന്അദ്ദേഹം പറഞ്ഞു. വിജയിക്കാന്‍ പി.ജെ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.കെ.എം മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാന്‍ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കും.
അവരുടെ തീരുമാനം എന്തായാലും താന്‍ അത് അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ ജോസഫിനെ നേരിട്ട് പോയി കാണുകയും പിന്തുണ തേടുകയും ചെയ്യും. യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. പാലായില്‍ വിജയിക്കാന്‍ അദ്ദേഹത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ജോസ് ടോം പറഞ്ഞു.