മാള്‍ട്ട: ലിബിയയിലെ സേബയില്‍ നിന്നും 118 യാത്രക്കാരുമായി തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോയ വിമാനം അക്രമികള്‍ റാഞ്ചി. പ്രാദേശിക സമയം രാത്രി 11.32നാണ് വിമാനം റാഞ്ചിയത്. ഇതിന് ശേഷം വിമാനം മള്‍ട്ടയില്‍ ഇറക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇക്കാര്യം മള്‍ട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ കൈവശം സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നും, ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്നും അക്രമികള്‍ ഭീഷണി മുഴക്കിയതായും വിവരമുണ്ട്. ആഫ്രിഖിയാ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 വിമാനമാണ് റാഞ്ചിയത്. രണ്ടംഗ അക്രമി സംഘമാണ് വിമാനത്തിനകത്തുള്ളതെന്നാണ് വിവരം. വിമാനത്തിന്റെ അല്‍പം അകലെ സുരക്ഷാ സേന നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം അടിയന്തിര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.