തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ നിരോധനം. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്ക്കും എതിരെ പിഴയടക്കം കര്‍ശന നിയമനടപടിയുണ്ടാകുമെന്ന് മേയര്‍ വികെ പ്രശാന്ത് അറിയിച്ചു. എന്നാല്‍ പ്ലാസ്റ്റിക് കവര്‍ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ മുതല്‍ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങള്‍ നീണ്ട ബോധവത്കരണത്തിനും പ്രചാരണങ്ങള്‍ക്കുമെല്ലാം ശേഷമായിരുന്നു നിരോധനം എങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. തുണിസഞ്ചികളുടെ ലഭ്യതകുറവ് ബദല്‍ മാര്‍ഗങ്ങളുടെ അപര്യാപതതയും ആയതോടെ നിരോധനം വെറും കടലാസ്സില്‍ മാത്രമൊതുങ്ങി. ഇതോടെ മാലിന്യപ്രശ്‌നം സങ്കീര്‍ണമാകുകയും പ്ലാസ്റ്റിക് മാലിന്യമടക്കം റോഡുകളില്‍ കത്തിക്കാനും തുടങ്ങി. ഇതോടെയാണ് നഗരസഭ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങിയത്. ഹോട്ടലുകള്‍, തുണിക്കടകള്‍, പലവ്യജ്ഞന കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കം വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം. എന്നാല്‍ അനന്തപുരിയെ മാലിന്യ മുക്തമാക്കാനുള്ള നഗരസഭയുടെ നീക്കം ഇക്കുറിയെങ്കിലും ഫലം കാണണെങ്കില്‍ നഗരവാസികളും വ്യാപാരികളും ഒപ്പം നിന്നെ മതിയാകൂ.