പ്ലസ് വൺ: മെരിറ്റ് ക്വാട്ട വേക്കൻസി സീറ്റുകളിലെ പ്രവേശനം

135

തിരുവനന്തപുരം : വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ അപേക്ഷ സമർപ്പിക്കാം. നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in -ൽ ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വേക്കൻസിയുള്ള സ്‌കൂൾ പ്രിൻസിപ്പലിന്/നേരത്തെ അപേക്ഷ സമർപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിന് ആഗസ്റ്റ് ആറിന് വൈകിട്ട് നാലിനുള്ളിൽ സമർപ്പിക്കണം. സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്‌കൂളുകളിൽ നിന്നും ഓൺലൈനായി എൻട്രി ചെയ്യും. ഒരു വിദ്യാർഥി ഒരു അപേക്ഷ മാത്രമെ സമർപ്പിക്കേണ്ടതുള്ളു. പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. മാതൃകാഫോം വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ ആഗസ്റ്റ് ഏഴിന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ ആഗസ്റ്റ് ഏഴിന് രാവിലെ 10 മുതൽ 12 ന് മുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയുടെ അസ്സൽ രേഖകളും ഫീസുമായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം.

പ്രിൻസിപ്പൽമാർ ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് ഒന്നിനുള്ളിൽ പ്രവേശനം പൂർത്തിയാക്കണമെന്നും ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു.

NO COMMENTS