തിരുവനന്തപുരം : ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് കോമ്പിനേഷൻ/സ്കൂൾ മാറ്റത്തിനും കോമ്പിനേഷൻ മാറ്റത്തോട് കൂടിയ സ്കൂൾ മാറ്റത്തിനും അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ ഒന്നാം ഓപ്ഷൻ പ്രകാരം പ്രവേശനം നേടിയവർക്ക് സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിനായി അപേക്ഷിക്കാൻ അർഹതയില്ല.
സ്പോർട്സ്/മാനേജ്മെന്റ്/കമ്മ്യൂണിറ്റി ക്വാട്ടകളിൽ പ്രവേശനം നേടിയവർക്ക് മെരിറ്റ് സീറ്റുകളിലേക്ക് സ്കൂൾ മാറ്റമോ കോമ്പിനേഷൻ മാറ്റമോ അനുവദിക്കില്ല. ആദ്യഘട്ട സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾക്കായി നിലവിലുള്ള ഒഴിവുകളോടൊപ്പം 20 ശതമാനം മാർജിനൽ സീറ്റ് വർധനവ് ഉൾപ്പെടുത്തിയ ഒഴിവുകൾ ജൂൺ ആറിന് രാവിലെ 10ന് www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
ജൂൺ ഒന്നിന് ഉച്ചയ്ക്ക് മൂന്ന് വരെ സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിനായി അപേക്ഷിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾക്കുള്ള നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ അഡ്മിഷൻ നേടിയിട്ടുള്ള സ്കൂളിൽ സമർപ്പിക്കാം. പുനർമൂല്യനിർണയത്തിൽ ഗ്രേഡ് വ്യത്യാസം വന്നിട്ടുള്ള വിദ്യാർത്ഥികൾ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന്റെ അപേക്ഷയിൽ ഗ്രേഡ് വ്യത്യാസം പ്രത്യേകം രേഖപ്പെടുത്തി പുതിയ മാർക്ക് ലിസ്റ്റ് കോപ്പി സഹിതം പ്രവേശനം നേടിയ സ്കൂളിൽ അപേക്ഷ സമർപ്പിക്കണം.
സ്കൂൾ/കോമ്പിനേഷൻ മാറ്റങ്ങൾ അനുവദിച്ച ശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ ജൂൺ 10ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും പുതിയ അപേക്ഷകൾ നൽകാം. അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും വീണ്ടും പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നൽകാം. നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും പുതുക്കി നൽകാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫോമും സപ്ലിമെന്ററി അലോട്ട്മെന്റ് സംബന്ധിക്കുന്ന കൂടുതൽ നിർദേശങ്ങളും പിന്നീട് നൽകും.