മില്‍വോക്കി: അമേരിക്കയിലെ മില്‍വോക്കിയില്‍ യുവാവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം പോലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. നൈറ്റ് പട്രോളിംഗിനിടെ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടമാണ് റോഡില്‍ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തോക്കുമായെത്തിയ യുവാവിനോട് പലതവണ തോക്ക് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളാണ് വ്യാപകമായ ആക്രമത്തില്‍ കലാശിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
സംഭവത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ പോലീസ് സ്റ്റേഷന് മുമ്ബില്‍ തടിച്ച കൂടിയ ജനക്കൂട്ടം പോലീസിന് നേരെയും സമീപത്തുള്ള സ്ഥാപനങ്ങള്‍ക്കു നേരെയും കല്ലേറ് നടത്തിയതോടെയാണ് പോലീസ് പ്രതിരോധം തീര്‍ക്കുകയായിരുന്നു. അക്രമാക്തരായ ജനക്കൂട്ടത്തെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഷെര്‍മാനിലെ ഗ്യാസ് സ്റ്റേഷനും പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു. പോലീസ് വാഹനങ്ങളുടെ ചില്ലും പ്രതിഷേധക്കാര്‍ എറിഞ്ഞുടച്ചു.
വെടിയേറ്റ് മരിച്ചയാളെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 23 കാരനാണ് കൊല്ലപ്പെട്ടത്. വംശീയാധികൃതമാണെന്നും സൂചനകളുണ്ട്. ആഫ്രിക്കന്‍ – അമേരിക്കന്‍ വംശജര്‍ താമസിക്കുന്ന നഗരത്തിന് സമീപത്താണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്‍ ക്യാമറ ധരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന മേയര്‍ ടോം ബാരറ്റ് സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ യുവാവ് പോലീസിനെതിരെ നിറയൊഴിക്കാന്‍ ശ്രമിച്ചിരുന്നോ എന്നത് വ്യക്തമല്ല. കൊല്ലപ്പെട്ട യുവാവ് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു.