പോലീസ് കസ്റ്റിഡിയിൽ മരിച്ച രാജ്കുമാറിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു – അമ്മയുടെ വെളിപ്പെടുത്തല്‍

176

ഇടുക്കി (കുമളി): കസ്റ്റിഡിയിലിരിക്കെ മരിച്ച രാജ്കുമാറിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും കൈയില്‍ വിലങ്ങുവച്ചിട്ടും രാജ്കുമാറിനെ വലിയ വടി ഉപയോഗിച്ച്‌ മര്‍ദിച്ചതായും ഭീഷണിപ്പെടുത്തിയതായും അമ്മയുടെ വെളിപ്പെടുത്തല്‍. രാജ്കുമാറിന്റെ അമ്മ കസ്തൂരി മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി ഒരുമണിക്കാണ് മകനെ വീട്ടിലെത്തിച്ചത്. കൈയില്‍ വിലങ്ങുവച്ചിട്ടും വലിയ വടി കൊണ്ട് കാലില്‍ അടിച്ചാണ് വണ്ടിയില്‍ കയറ്റിയത്. ഈ സമയം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. രാജ്കുമാറിനെ പിച്ചിചീന്തുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തി- അമ്മ പറഞ്ഞു.

മകനെക്കുറിച്ച്‌ വിവരമറിയാന്‍ നെടുങ്കണ്ടം പോലീസിനെ വിളിച്ചപ്പോള്‍ കസ്റ്റഡിയിലാണെന്നും മറ്റുകുഴപ്പങ്ങളില്ലെന്നുമാണ് അറിയിച്ചത്. പിന്നീട് മകന്‍ മരിച്ചതായി വിവരം അറിയിച്ചു. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. മുന്‍വശത്തെ ഒരുപല്ലും മറ്റൊരു പല്ലിന്റെ പകുതിയും ഇല്ലായിരുന്നു.

മൃതദേഹത്തില്‍ മുഖത്തിന്റെ ഭാഗത്തെല്ലാം ജീര്‍ണിച്ച നിലയിലായിരുന്നുവെന്നും മകന്‍ മരിച്ചവിവരം പോലീസ് മറച്ചുവച്ചെന്നും അവര്‍ ആരോപിച്ചു. രാജ്കുമാറിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ പോലീസുകാര്‍ മര്‍ദിച്ചതായും അലറിക്കരഞ്ഞാണ് പോലീസ് ജീപ്പില്‍ കയറിയതെന്നും അയല്‍വാസികളും പറഞ്ഞു.

NO COMMENTS