യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സിനെതിരെ പൊലീസ് കൂടുതല്‍ നടപടിയിലേക്ക്.

174

കൊച്ചി: ബസ് പിടിച്ചെടുത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലട ട്രാവല്‍സ് ഉടമ സുരേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനോടൊപ്പം ഇയാള്‍ക്കെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്. കല്ലട ട്രാവല്‍സിന്റെ കൊച്ചിയിലെ ഓഫീസ് അടച്ചു പൂട്ടാനും നിര്‍ദേശം നല്‍കി കഴിഞ്ഞു. അക്രമത്തോടനുബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച്‌ കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിലൊരാള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ജീവനക്കാര്‍ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്‌തു.

സംഭവത്തില്‍, യാത്രക്കാരെ മര്‍ദ്ദിച്ച മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്ബനി മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മരട് പൊലീസാണ് നടപടി സ്വീകരിച്ചത്. നിലവില്‍ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് വാഹനം പിടിച്ചെടുത്തത്.

NO COMMENTS