വയനാട്: വയനാട് മേപ്പാടിയില്‍ അര്‍ധരാത്രി വ്യാപക പോലീസ് റെയ്ഡ്. സ്ഥലത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് റെയ്ഡ്. അര്‍ധരാത്രിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ റെയ്ഡില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.മേപ്പാടിയിലെ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാഴാഴ്ച കെ.എസ്.യു-എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ കെ.എസ്.യു. പ്രസിഡന്റ് ജഷീര്‍ പള്ളിയാലടക്കം അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കുമേറ്റു.ഇതേത്തുടര്‍ന്ന് യുഡിഎഫും ബിജെപിയും വെള്ളിയാഴ്ച മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
ഹര്‍ത്താലില്‍ യുഡഫഎഫ് പ്രവര്‍ത്തകര്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസ് തുറന്നുപ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറുകയും ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പഞ്ചായത്തംഗം വി ചന്ദ്രശേഖരന്‍ തമ്ബിയ്ക്ക് പരിക്കുമേറ്റു.ഗവണ്‍മെന്റ് പോളിയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ച എസ്‌എഫ്‌ഐ. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ കെ.എസ്.യു.വിന്റെയും എബിവിപിയുടെയും കൊടിമരങ്ങള്‍ നശിപ്പിച്ചതാണ് വ്യഴാഴ്ച സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ ലാത്തി വീശിയോടിച്ചു.ഇതിനിടയിലുണ്ടായ കല്ലേറില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും സമീപത്തെ തുണിക്കടയുടെ ചില്ല് തകരുകയും ചെയ്തു. എസ്‌എഫ്‌ഐ. കൊടി മരവും നശിപ്പിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് ജഷീര്‍ പള്ളിയാലിന് പരിക്കേറ്റത്. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ജുറൈജ്, വിവേക്, ആദര്‍ശ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.