കാസര്‍കോഡ് : കഴിഞ്ഞ മാസം നാലിനാണ് ദാരുണസംഭവം നടക്കുന്നത്. ബദിയഡുക്കയില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മ ശാരദ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. പെര്‍ളത്തടുക്ക സ്വദേശി കുഞ്ഞിന്റെ അമ്മ ശാരദ അറസ്റ്റിലായി . കുടുംബവഴക്കിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് ശാരദ പൊലീസിന് മൊഴി നല്‍കി.
ശാരദയ്ക്ക് ദീര്‍ഘകാലമായി മാനസികപ്രശ്‌നങ്ങളുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കാറുണ്ടായിരുന്നെന്നും കുടുംബം പറയുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന വേളയിലും മറ്റും യുവതിയ്ക്ക് യാതൊരുവിധത്തിലുള്ള അസ്വസ്ഥതകളും ഉള്ളതായി തോന്നിയി ല്ലെന്നും ചെയ്ത തെറ്റിനെക്കുറിച്ച് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഒന്നര വയസുകാരന്‍ സാധ്വിക്കിന്റെ മൃതദേഹം നാട്ടുകാര്‍ പൊതുകിണറില്‍ നിന്ന് കണ്ടെത്തിയതിനുശേഷം പൊലീസ് വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.അമ്മ ശാരദ പുറത്തുപോകുമ്പോള്‍ കുഞ്ഞും ഒപ്പമുണ്ടായിരുന്നെന്നും തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് കൂടയില്ലായിരുന്നെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയതോടെയാണ് സംശയമുന ശാരദയിലേക്ക് നീണ്ടത്.ആദ്യം കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാം എന്നായിരുന്നു നാട്ടുകാരുടെ നിഗമനം. എന്നാല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിനെ ആരെങ്കിലും എടുത്ത് എറിഞ്ഞതാകാം എന്ന് പരാമര്‍ശമുണ്ടായത് കേസില്‍ നിര്‍ണ്ണായകമായി.