തിരുവനന്തപുരം: പൊലീസിന്‍റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ. ഇടക്കാല റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഇതുവരെ ആരും ക്രൈം ബ്രാഞ്ചിന് മുന്നില്‍ പരാതി നല്‍കാനെത്താത്തത് അന്വേഷണ സംഘത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് അഞ്ച് മണി വരെ പരാതി നല്‍കാമെന്നായിരുന്നു ക്രൈം ബ്രാഞ്ച് അറിയിപ്പ്. പരാതി നല്‍കാതിരിക്കാനും ഇടത് ആഭിമുഖ്യമുള്ള അസോസിയേഷന്‍ നേതൃത്വം ഇടപെട്ടോ എന്ന സംശയവും ശക്തമാണ്.
പ്രാഥമിക പരിശോധനയില്‍ പങ്ക് തെളിഞ്ഞ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ കമാന്‍ഡോ വൈശാഖിനെതിരെ കേസ് അടുത്താണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മറ്റ് നാലു പൊലീസുകാര്‍ ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തുടര്‍നടപടി.