ചെന്നൈ: തമിഴ്നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് നേരത്തെ തമിഴ്നാട് സിബിസിഐഡിക്കു കൈമാറിയിരുന്നു. എന്നാല്‍ സംഭവത്തില്‍ എഡിഎംകെ സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന് തമിഴ്നാട് പോലീസ് മേധാവിയെ സന്ദര്‍ശിച്ച് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമല്ഹാസന് ആയിരുന്നു സംഭവത്തില്‍ ആദ്യം ഇടപെട്ടത്. ആറുപതോളം പെണ്‍കുട്ടികളെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഭൂരിപക്ഷവും കോളജ് വിദ്യാര്‍ഥിനികളായിരുന്നു ഇവരുടെ ഇര. കേസില്‍ എട്ടു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രധാനപ്രതികളായ ശബരീശ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തു.
ഏഴു വര്‍ഷംകൊണ്ട് പ്രതികള്‍ നിരവധി പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകത്തുകയും ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വലയിലാക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സാമ്ബത്തിക ചൂഷണവും നടത്തും. ഇതായിരുന്നു പ്രതികളുടെ രീതി.
പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയാണ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയത്. പ്രതികളില്‍ ഒരാളായ തിരുനാവരശ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യര്‍ഥന നടത്തിയശേഷം സംസാരിക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി നിര്‍ബന്ധിച്ചു കാറില്‍ കയറ്റി. വഴിയില്‍വച്ച് മറ്റു മൂന്നു പ്രതികള്‍കൂടി കാറില്‍കയറി. നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതോടെയാണ് പരാതി പോലീസ് സ്റ്റേഷനിലെത്തിയത്.