തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ എഴ് മുതല്‍ 6 മണി വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം മെയ് 23ന് ഫലം അറിയാം. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സരംഗത്തുള്ളത്.അതേ സമയം ഞായറാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടയില്‍ വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കൊല്ലത്ത് നിരവധി വാഹനങ്ങള്‍ തകര്‍ത്തു.
പാലക്കാടും, തിരുവനന്തപുരത്തും കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് വെട്ടേൽക്കുകയും ചെയ്തു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയും രമ്യയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തിങ്കളാഴ്ച സ്ഥാനാര്‍ത്ഥികള്‍ക്ക് നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. പോളിംഗ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും.
കേന്ദ്ര സേനയും പോലീസും കര്‍ശന സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. 58, 138 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. 2 കോടി 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. 24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള 219 ബൂത്തുകളും സംസ്ഥാനത്തുണ്ട്.
അത്യന്തം വാശിയേറിയ പോരാട്ടത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്. പ്രതീക്ഷകളിലും അവകാശവാദങ്ങളിലും മുന്നണികളൊന്നും പിന്നിലല്ല. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഇക്കുറി ത്രികോണ മത്സരകമാണ് നടക്കുന്നതെന്നതാണ് മറ്റൊരു പ്രത്യകത. ശബരിമലവിഷയം പ്രചാരണായുധമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പ്രചാരണവേളയില്‍ ഏറ്റവും ചര്‍ച്ചയായത് ശബരിമല തന്നെയാണ്.