കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പൻ ലീഡ് 4,500-ന് അടുത്തെത്തി. 4294 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി. കാപ്പനുള്ളത്. പരന്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്.
വോട്ടെണ്ണിയ ഏഴ് പഞ്ചായത്തുകളിലും മാണി സി.കാപ്പന്റെ കുതിപ്പാണു ദൃശ്യമാകുന്നത്. കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം, തലനാട്, തലപ്പലം പഞ്ചായത്തുകളില്‍ കാപ്പന് മുന്നേറി. കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി.
പോസ്റ്റല്‍ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിനു മുന്നിലെത്താനായിട്ടില്ല. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്.