പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും- റവന്യു മന്ത്രി

37

കാസര്‍കോട്ടെ മലമുകളില്‍ മഞ്ഞുവീഴുന്ന കാഴ്ചകള്‍ ആസ്വദിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും. പൊസഡിഗുംബെയുടെ മനോഹാരിത അനുഭവിച്ചറിഞ്ഞ മന്ത്രി പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അറിയിച്ചു. കാസര്‍കോട്ടെ അധികമാരുമറിയാത്ത ഒരു ഹില്‍സ്റ്റേഷനാണ് പൊസഡിഗുംബെ. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വര്‍ഷം മുഴുവന്‍ കാണാനുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കണം.

ബേക്കല്‍ കോട്ടയോടൊപ്പം ബീച്ച് ടൂറിസവും പൊസഡിഗുംബെ, മഞ്ഞം പൊതിക്കുന്ന്, റാണിപുരം, കോട്ടഞ്ചേരി തുടങ്ങിയ ഹില്‍സ്റ്റഷന്‍ ടൂറിസവും വികസിപ്പിച്ച് ടൂറിസം മേഖലയില്‍ പുതിയ കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 1880 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ായ് പൊസഡിഗുംബെയില്‍ സ്ഥാപിച്ച ഇ ടി സ്റ്റേഷന്‍ സംരക്ഷിത കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു.

ബി ആര്‍ ഡി സി യും ഡിടിപിസിയും ചേര്‍ന്നാണ് ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. കണ്ണൂര്‍, മംഗലാപുരം വിമാനത്താവളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇവിടേക്ക് കടന്നു വരാനാകും. പുതിയ ഡെസ്റ്റിനേഷനുകള്‍ ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്ക് കുതിപ്പേകുമെന്നും മന്ത്രി പറഞ്ഞു.

പൊസഡിഗുംബെ എന്നത് തുളുവാക്കാണ്. പൊസ എന്നാല്‍ പുതിയത് എന്നും ഗുംബെ എന്നാല്‍ കുന്ന് എന്നും അര്‍ഥം. അതായത് പുതിയ മല. കന്നടയില്‍ പൊസയ്ക്ക് പകരം ഹൊസ് എന്നാണ് ഉപയോഗിക്കുന്നത്. ഗുംബെയ്ക്ക് കന്നടയിലും കുന്ന് എന്നുതന്നെയാണ് അര്‍ഥം. കന്നടയും തുളുവും തമ്മിലുള്ള ചെറിയൊരു സാമ്യത പൊസഡിഗുംബെ വരച്ചുകാണിക്കുന്നുണ്ട്.

ധര്‍മ്മത്തടുക്കയില്‍ നിന്ന് ബായാറിലേക്ക് പോകുന്ന വഴിയിലാണ് ഈ മലനിരകള്‍. കാസര്‍കോട്ടെ പൈവളിഗെ എന്ന ഗ്രാമത്തിലാണ് പൊസഡിഗുംബെ സ്ഥിതി ചെയ്യുന്നത്. ഒരു കന്നഡ ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിയാന്‍ അവസരമൊരുങ്ങും ഇവിടെ എത്തിയാല്‍.

NO COMMENTS