ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട ന്യൂനമർദം ഏപ്രിൽ 29-ഓടെ അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഏപ്രിൽ 30ന് തമിഴ്നാട്, ആന്ധ്ര തീരത്തെത്താൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏപ്രിൽ 29, 30 ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.
ന്യൂനമർദത്തിന്റെ പ്രഭാവത്തെത്തുടർന്ന് കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഏപ്രിൽ 28 ന് മുൻപ് തിരിച്ചെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കർശന മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 28 രാവിലെ മുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും (ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെ വേഗതയിലും), ഏപ്രിൽ 29 ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും (ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും) കാറ്റ് വീശാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കേരളതീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്. ഏപ്രിൽ 29ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് (ശക്തമായ മഴ) എന്നി ജില്ലകളിലും ഏപ്രിൽ 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് (ശക്തമായ മഴ) എന്നി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.