ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസുകളിലൂടെ കൂടുതല്‍ പണം മാറ്റി നല്‍കാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 2,000 രൂപയുടെ നോട്ടുകള്‍ അടുത്ത ദിവസം മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്നും എടിഎം പുനഃക്രമീകരിക്കാന്‍ ദൗത്യ സംഘം രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്നലെ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. എടിഎമ്മുകളിലും ബാങ്കുകളിലും പണമെത്തിക്കുന്ന നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ സെക്രട്ടറി പറഞ്ഞ പ്രധാന കാര്യങ്ങള്‍. പുതിയ 500,2000 നോട്ടുകള്‍ക്കായി രാജ്യത്തെ എടിഎമ്മുകള്‍ എത്രയും പെട്ടെന്ന് സജ്ജീകരിക്കുന്നതിനായി പ്രത്യേക കര്‍മസേനയെ നിയോഗിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ പഴയ 500, 1000 ഉപയോഗിക്കാവുന്നത് നവംബര്‍ 14 വരെ ആയിരുന്നത് 24 വരെയാക്കി നീട്ടി. ഒരു ദിവസം തന്നെ ഒന്നിലേറെ തവണ ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ അവസരം നല്‍കും. ആഴ്ചയില്‍ ഒരു അക്കൗണ്ടില്‍ നിന്ന് ചെക്ക് വഴിയോ സ്ലിപ്പ് വഴിയോ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി ഉയര്‍ത്തി. ഒറ്റത്തവണ 24,000 രൂപവരെ ബാങ്കുകളിന്‍നിന്ന് പിന്‍വലിക്കാം. എ.ടി.എമ്മുകള്‍ വഴി ദിവസം 2,500 രൂപയും പിന്‍വലിക്കാം. പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നത് ഒരാള്‍ക്ക് 4,000 രൂപ എന്നത് 4,500 രൂപയാക്കി ഉയര്‍ത്തി. 500 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയത് നോട്ട് ക്ഷാമത്തിന് പരിഹാരമാകും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും ബാങ്കുകളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പ്രധാനപ്പെട്ട ആസ്പത്രികള്‍ക്ക് സമീപം മൊബൈല്‍ എടിഎം വാനുകള്‍ സജ്ജമാക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പരമാവധി ഇലക്‌ട്രോണിക് ഇടപാടുകള്‍ നടത്തണം. എല്ലാ കച്ചവട സ്ഥാപനങ്ങളും, ആസ്പത്രികളും ചെക്ക്, ഡി.ഡി തുടങ്ങിയവ സ്വീകരിക്കും.