തണല്‍പാത’യൊരുക്കാന്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്

11

പാതയോരങ്ങളില്‍ തണല്‍മരങ്ങള്‍ വച്ചു പിടിപ്പിക്കുന്ന ‘തണല്‍പാത’ പദ്ധതിയുമായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. പരി സ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എം. പി നിര്‍വഹിച്ചു. ബ്ലോക്കിലെ എല്ലാ പഞ്ചായത്ത്, പൊതുമരാമത്ത് റോഡുകളുടെയും ഇരുവശത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തണല്‍ വൃക്ഷങ്ങളും പൂച്ചെടികളും വച്ചു പിടിപ്പിക്കാനാണ് പദ്ധതി. ചെടി നടുന്നത് മുതല്‍ വെള്ളമൊഴിക്കല്‍, വേലികെട്ടിയുള്ള പരിപാലനം എന്നിങ്ങനെ എല്ലാപ്രവര്‍ത്തനങ്ങളും ചെയ്യുന്നത് അതത് പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവര്‍ത്തകരാണ്.

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 97 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ ഇതിനോടകം പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ വിത്തുപാകി നഴ്സറികളില്‍ മുളപ്പിച്ച വൃക്ഷത്തൈകളും പൂച്ചെടികളുമാണ് പദ്ധതിപ്രകാരം നടുന്നത്. ഇതില്‍ അരളി, ജമന്തി തുടങ്ങിയ ചെടികളും പേര, ബദാം, സീതപ്പഴം, നെല്ലി തുടങ്ങിയ ഫലവൃക്ഷതൈകളും ഉള്‍പ്പെടുന്നു.

പാതയോരങ്ങള്‍ മനോഹരമാക്കാനും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ടാണ് ഈ വിപുലമായ പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു.

NO COMMENTS