പോഷണ്‍ വാണി; കോവിഡ് കാലത്ത് വനിതാ ശിശുവികസന വകുപ്പിന്റെ കയ്യൊപ്പ്

56

കാസറകോട് : കോവിഡ് കാലത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് വനിതാ ശിശുവികസന വകുപ്പ്. വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും കൗമാരക്കാര്‍ക്കുമെല്ലാമായി വനിതാ ശിശുവികസന വകുപ്പിന്റെ പ്രതിദിന വാട്സ്ആപ്പ് പ്രക്ഷേപണം ആരംഭിച്ചു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രതിദിന വാട്സാപ്പ് പ്രക്ഷേപണമാണ് വിതാ ശിശു വികസന വകുപ്പ് നടത്തിവരുന്നത്.

ഓരോ ദിവസവും ഒരു വിഷയമാണ് പ്രക്ഷേപണം ചെയ്യുന്നത്. ‘പോഷന്‍ വാണി’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്ഷേപണത്തിലൂടെ സ്ത്രീകളെയും കുട്ടികളെയും അവകാശങ്ങള്‍, നിയമങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, ആരോഗ്യം, പോഷണം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിക്കും. സംഭാഷണമായോ, ലഘു നാടകമായോ, ഗാനങ്ങളായോ, അഭിമുഖമായോ ആണ് ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത പോഷണ്‍ വാണി കോവിഡ് കാലത്ത് ബോധവല്‍ക്കരണ മാധ്യമമായ പ്രവര്‍ത്തിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നുമുള്ള പോഷകാഹാര റെസിപ്പികള്‍, കുട്ടികളുടേയും അംഗണ്‍വാടി ജീവനക്കാരുടേയും കരവിരുതുകള്‍, സര്‍ഗ്ഗ വാസനകള്‍, സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ച ബ്രോഷറുകള്‍, വാര്‍ത്തകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് തീയ്യതി സഹിതം വരുന്ന വാട്സ് ആപ്പ് ചാനലിലൂടെ നിരവധി പേരിലേക്ക് എത്തുന്നത്. വിവിധ ജില്ലകളില്‍ നിന്നും വകുപ്പിന് ലഭിക്കുന്നവയില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികളും റെസിപ്പികളും സര്‍ഗ്ഗവാസനകളുമാണ് പോഷണ്‍വാണിയില്‍ പ്രക്ഷേപണം ചെയ്യുക.

രണ്ട് മുതല്‍ 4 മിനിട്ടു ദൈര്‍ഘ്യമുള്ള സന്ദേശമാണ് നിത്യവും പ്രക്ഷേപണം ചെയ്തു വരുന്നത്. കേരളത്തിലെ അങ്കണവാടി സംവിധാനങ്ങളിലൂടെ വകുപ്പിന്റെ സേവനങ്ങളും അറിയിപ്പുകളും പോതുജനങ്ങളിലേക്ക് എത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ദിവസവും രാവിലെ 10 മണിക്ക് അതതു ദിവസത്തെ സന്ദേശം പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് അയച്ചു നല്‍കും. പ്രോഗ്രാം ഓഫീസര്‍മാര്‍ സി.ഡി.പി.ഒ മാര്‍ക്കും, സി.ഡി.പി.ഒമാര്‍ സൂപ്പര്‍ വൈസര്‍മാര്‍ക്കും, സൂപ്പര്‍വൈസര്‍മാര്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും നിത്യവും സന്ദേശങ്ങള്‍ കൈമാറും. അങ്കണവാടി വര്‍ക്കര്‍മാരുടെ ഗ്രൂപ്പുകളിലൂടെയണ് ഈ സന്ദേശങ്ങള്‍ പോതുജനങ്ങളിലേക്ക് എത്തുന്നത്.

NO COMMENTS