അതിദാരിദ്ര്യ നിർമാജനം, മാലിന്യ മുക്തം, പാലിയേറ്റീവ് കെയർ ; മുഖ്യമന്ത്രി തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തി

17

അതിദാരിദ്ര്യ നിർമാർജനം, മാലിന്യ മുക്ത നവകേരളം, പാലിയേറ്റീവ് കെയർ എന്നീ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തി. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അതുപോലെതന്നെ 2025 നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനും കഴിയണം. ഇതിനാവശ്യമായ നടപടികൾ തദ്ദേശസ്ഥാപനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

64,006 കുടുംബങ്ങളിലായി 1,03,099 പേർ അതിദരിദ്രരാണെന്ന് കണ്ടെത്തി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരെ കണ്ടെത്തിയത്. നിലവിൽ 40,180 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനുള്ള പ്രവർത്തന ങ്ങൾക്ക് കൂടുതൽ വേഗത ഉണ്ടാവണം. അതിന് ചെയ്യേണ്ട കാര്യങ്ങൾ തദ്ദേശസ്ഥാപന ഭരണ സമതികൾ ആലോചിക്കണം. പൂർത്തീ കരിക്കേണ്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ച് പ്രവർത്തന രൂപരേഖ തയ്യാറാ ക്കണം. ഭക്ഷണ ദൗർലഭ്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഗുണമേൻമാധിഷ്ഠിത സേവനം ലഭ്യമാകുന്നുവെന്ന് തദ്ദേശസ്ഥാപനതലത്തിലെ ഉപസമിതി ഉറപ്പാക്കണം. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകേണ്ട 40 ഗുണഭോക്താക്കൾക്ക് ആവശ്യമായ അവയവങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇക്കാര്യത്തിൽ തങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നിശ്ചയിക്കണം. വരുമാനം ക്ലേശഘടക മായി കണ്ടെത്തിയ കുടുംബങ്ങളിൽ 521 കുടുംബങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ കൈക്കൊ ള്ളണം. ആരോഗ്യപരമായ കാരണങ്ങളാൽ തൊഴിലെടുക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ 923 കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണം.

പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, വനിത വികസന കോർപ്പറേഷൻ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുതലായ ഏജൻസികളെ ഉപജീവന പദ്ധതികളുമായി കണ്ണിചേർക്കണം. പ്രാദേശിക സംരംഭങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ മുതലായവയുടെ സേവനം തൊഴിൽ ലഭ്യമാക്കുന്നതിന് പ്രയോജനപ്പെടുത്തണം. പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യതയുള്ളവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണം.

താരതമ്യേന പ്രായമുള്ളവർ, ദുർബലർ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, ഭിന്നശേഷിക്കാർ മുതലായ വർക്കുള്ള ഉപജീവന പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ചവരെ ഉൾപ്പെടുത്തി ടീമുകളെ സജ്ജമാക്കണം. ഉപജീവന പദ്ധതികളുടെ പുരോഗതി ജനകീയ സമിതികൾ നിരീക്ഷിക്കണം. എല്ലാ വകുപ്പുകളും നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിൽ അതിദരിദ്ര ഗുണഭോക്താക്കൾക്ക് മുൻഗണന നൽകണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വീടില്ലാത്ത അതിദരിദ്രർക്ക് വീട് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു. സിഎസ്ആർ ഫണ്ട്, പ്രവാസി സംഘടനകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സ്പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവ സമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മാലിന്യമുക്തം നവകേരളം

നിർവഹണ സമിതികൾ രൂപീകരിച്ചിട്ടില്ലാത്ത 5,704 വാർഡുകളിൽ അടിയന്തിരമായി നിർവഹണ സമിതികൾ രൂപീകരിക്കണം. ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ടം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കണം. മൂന്നാംഘട്ട പ്രവർത്തനങ്ങൾ 2025 മാർച്ചിൽ പൂർത്തീകരിക്കാനാകണം. ജലസ്രോതസ്സുകളിൽ എത്തിച്ചേരുംവിധത്തിൽ മലിനജലക്കുഴലുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളേയും സ്ഥാപനങ്ങളേയും കണ്ടെത്തി ഫലപ്രദമായി നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കണം. ജലത്തിലെ ഇ-കോളി സാന്നിദ്ധ്യം പരിശോധിക്കുന്നതിന് ഡിസംബർ, ജനുവരിയിൽ വിപുലമായ പരിശോധനകൾ സംഘടിപ്പിക്കണം.

വീടുകളിലെ ഒറ്റക്കുഴി കക്കൂസുകൾക്ക് പകരം സുരക്ഷിതമായ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കണം. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും പൊതുസംവിധാനം ഏർപ്പെടുത്തണം. ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ, ഭവന സമുച്ഛയങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ഹാളുകൾ മുതലായവയിൽ കമ്മ്യൂണിറ്റിതല ജൈവമാലിന്യസംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഫ്ളാറ്റുകൾ എന്നിവയിൽ ജൈവ മാലിന്യ, ജലമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കണം.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഒരു ടീം സന്ദർശിക്കണം. ഹരിത കേരളം മിഷൻ ഇത് ഏകോപിപ്പിക്കണം. ഡിസംബർ, ജനുവരിയിൽ നാടിന്റെ മുക്കും മൂലയും ശുചിയാക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനിൽ പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലിയേറ്റീവ് കെയർ

മാനദണ്ഡങ്ങൾക്കനുസൃതമായി പാലിയേറ്റീവ് യൂണിറ്റുകൾക്ക് രജിസ്ട്രേഷൻ നൽകാനുള്ള സംവിധാനമൊരുക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാര പരിധിയിലെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങൾ സമാഹരിച്ച് രജിസ്ട്രേഷൻ നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. എല്ലാ സംഘടനകളെയും രജിസ്റ്റർ ചെയ്യിക്കണം. ഇക്കാര്യത്തിൽ യാതൊരുവിധ വിവേചനവും പാടില്ല.

മെഡിക്കൽ, നഴ്സിംഗ് പരിചരണം നൽകുന്ന യൂണിറ്റുകൾ ആരോഗ്യവകുപ്പിന്റെ രജിസ്ട്രേഷൻ നടപടികളും പൂർത്തീകരിക്കണം. ഗൃഹ പരിചരണം ആവശ്യമായ എല്ലാവർക്കും ഗുണമേൻമയിലധിഷ്ഠിതമായ ഗൃഹ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ പിന്തുണ ഉറപ്പുവരുത്തണം. ഇതിനായി സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം. ഓരോ രോഗിക്കൊപ്പവും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുണ്ടെന്ന് ഉറപ്പുവരുത്തണം.

ബയോമെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ, രാസമാലിന്യങ്ങളെ ഹസാർഡസ് മാലിന്യങ്ങളായി നിർണയിച്ചതിനാൽ പാലിയേറ്റീവ് പരിചരണം നടത്തുന്ന വീടുകളിൽ കളർകോഡഡ് ബിന്നുകൾ നൽകണം.

കിടപ്പിലായ രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാൻ 20,000 ജനസംഖ്യയുള്ള പ്രദേശത്ത് ഒരു ഹോം കെയർ യൂണിറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കണമെന്ന് പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ 30,000 പേരടങ്ങുന്ന ജനസംഖ്യ പ്രദേശത്തിന് ഒരു കെയർ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ആക്ഷൻ പ്ലാനിൽ നിർദ്ദേശിച്ചതുപ്രകാരം ഹോം കെയർ യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നടപടികൾ കൈക്കൊള്ളണം. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിൻ സംവിധാനത്തെ ഗ്രിഡിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.

നിരാലംബരായ വയോജനങ്ങളെ പാർപ്പിച്ചിരിക്കുന്ന ഹോമുകൾ സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും പ്രവർത്തിക്കുന്ന വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽക്കൂടി പാലിയേറ്റീവ് കെയർ സേവനം എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഈ മൂന്ന് ക്യാമ്പയിനുകളും പൂർണ്ണതോതിൽ നടപ്പാക്കിയാലേ സുസ്ഥിരമായ നവകേരളമെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഈയൊരു ബോധ്യത്തോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY