പാറശാല : വ്യവസായശാലകളെ സംരക്ഷിച്ച് പാവപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേര്‍ക്കാഴ്ചയ‌്ക്ക് ഉദാഹരണമാണ് കുളത്തൂര്‍ ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര താലൂക്ക് ഇന്റഗ്രേറ്റഡ് പവര്‍ലൂം വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കോ—ഓപ്പറേറ്റീവ് സൊസൈറ്റി. വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തെ യുഡിഎഫ് സര്‍ക്കാരും എംപിയും അവഗണിച്ചപ്പോള്‍ കൈത്താങ്ങായത് എല്‍ഡിഎഫ് സര്‍ക്കാര്‍. അടഞ്ഞുകിടക്കുന്ന വ്യവസായശാലകളെ സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ നിലപാട‌് ഇവിടെ യാഥാര്‍ഥ്യമായി.
ജനോപകാരപ്രദമായ തീരുമാനം തൊഴിലാളികളുടെയും നാട്ടുകാരുടെയുമിടയില്‍ മതിപ്പ‌് ഉളവാക്കി. 1990 മുതല്‍ ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി കൈത്തറിമേഖല തകര്‍ന്നതുമൂലം ദുരിതത്തിലായ ആയിരക്കണക്കിനു പാവങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് 1996ല്‍ പദ്ധതി കൊണ്ടുവന്നത്. തുടര്‍ന്ന് കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത ഈ പവര്‍ലൂമിന് ജീവശ്വാസം നല്‍കി പരിപാലിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. 1998ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് സ്ഥാപനത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന സുശീല ഗോപാലന്‍ പദ്ധതിയുടെ ഉദ്ദേശ്യം പരിഗണിച്ച് വേണ്ട സഹായങ്ങളും ചെയ്തു. തുടര്‍ന്ന് 2000 ഫെബ്രുവരി 16ന് നടന്ന യോഗത്തില്‍ ടെക്സ്റ്റൈല്‍ പ്രോസസ് ഹൗസ് തുടങ്ങാന്‍ വ്യവസായമന്ത്രി നിര്‍ദേശിച്ചു.
സൊസൈറ്റി പ്രോജക്‌ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച‌് ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ അത‌് അവഗണിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടും ദീര്‍ഘവീക്ഷണത്തോടും തൊഴിലാളികള്‍ക്കൊപ്പംനിന്ന് പ്രതിസന്ധികള്‍ തരണംചെയ്ത് ശക്തിപകര്‍ന്ന ചെയര്‍മാന്‍ എന്‍ ഗോപീകൃഷ്ണന്റെ പ്രവര്‍ത്തനം മഹത്തരമാണ്. തുടര്‍ന്ന് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും പവര്‍ലൂമിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. തുടര്‍ന്ന് വ്യവസായമന്ത്രിയായിരുന്ന എളമരം കരീം പവര്‍ലൂം സന്ദര്‍ശിക്കുകയും ഫാക്ടറി പ്രവര്‍ത്തിക്കാനുള്ള നടപടി കൈക്കൊള്ളുകയുമായിരുന്നു. 11 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ 200 ലൂമുകളാണുള്ളത്. ഇതില്‍ 60 ലൂമുകളാണ് പ്രവര്‍ത്തിക്കുന്നത്.
144 പവര്‍ലൂമുകളുള്ള ഫാക്ടറി ഷെഡ്, 24 ലൂമുകളുള്ള ഒരു ട്രെയ‌്നിങ് സെന്റര്‍, ഗോഡൗണ്‍, പവര്‍ഹൗസ്, സൈറ്റ് ഓഫീസ് ഷെഡ്, ട്രാന്‍സ്ഫോര്‍മര്‍, ഓഫീസ് കെട്ടിടം, നാര് ചുറ്റ് യന്ത്രങ്ങള്‍ തുടങ്ങിയവ സ്വന്തമായിട്ടുണ്ട്. വിവിധ ഭാഗങ്ങളിലേക്കുള്ള ലിങ്ക് റോഡും സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 900 അംഗങ്ങളുള്ള ഈ സ്ഥാപനത്തില്‍ രണ്ട് ഷിഫ്റ്റിലായി 30 പേര്‍ നിത്യേന തൊഴിലെടുക്കുന്നുണ്ട്. 200ല്‍ അധികംപേര്‍ ഇവിടെനിന്ന് പരിശീലനം കഴിഞ്ഞ് സ്വയംതൊഴില്‍ സ്വായത്തമാക്കി കഴിഞ്ഞു. നൂല് പാവുകളാക്കുന്നതും ഫാക്ടറിയില്‍ സ്വന്തമായിട്ടാണ്.
ഒരു മുണ്ട് നെയ്യുന്നതിന് 45 മുതല്‍ 50 രൂപവരെയാണ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നത്. കസവുകട ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് ഇവ വിപണനം ചെയ്യുന്നത്. ഇവിടെനിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ലുങ്കികള്‍ എന്‍റ്റിസിക്കും നല്‍കുന്നുണ്ട്. പ്രിന്റിങ‌് യൂണിറ്റ്, ഫാഷന്‍ ടെക്നോളജി, ടെക്സ്റ്റൈല്‍ ടെക്നോളജി എന്നിവ തുടങ്ങാനുള്ള പ്രോജക്‌ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പവര്‍ലൂം നവീകരിക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ആദ്യഘട്ടമെന്ന നിലയ‌്ക്ക് കെ ആന്‍സലന്‍ എംഎല്‍എയുടെ ഇടപെടല്‍മൂലം ലൂമുകള്‍ നവീകരിക്കുന്നതിനുവേണ്ടി 20 ലക്ഷം രൂപ നല്‍കി പദ്ധതി ടെക്സ്ഫെഡു വഴി പൂര്‍ത്തീകരിച്ചു. സ്ഥാപനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അടഞ്ഞുകിടക്കുന്ന വ്യവസായശാലകളെ പുനരുദ്ധരിച്ച് പ്രവര്‍ത്തിക്കുമെന്ന സര്‍ക്കാരിന്റെ നടപടിയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തുന്നു.