പൊഴിയൂര്‍ ഹാര്‍ബര്‍ അതിവേഗം യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ

27

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ പൊഴിയൂര്‍ ഹാര്‍ബര്‍ അതിവേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ. പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയില്‍ മത്സ്യ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ പരിഹരിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിന് സാധിച്ചു. പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി കാരോട് നിര്‍മിച്ച 128 ഫ്ളാറ്റുകള്‍ക്ക് പുറമേ 24 വ്യക്തിഗത ഫ്ളാറ്റുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്നതിനും തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്നതിനും സാമൂഹിക പ്രകൃിയയില്‍ മാന്യമായി ഇടപെടുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനുമാണ് പുനര്‍ഗേഹം പോലുള്ള പുനരധിവാസ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ സമാനതകളില്ലാത്ത നേട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി നെയ്യാറ്റിന്‍കര കാരോട് 2.60 ഏക്കര്‍ സ്ഥലത്താണ് 16 ബ്ലോക്കുകളിലായി 128 വ്യക്തിഗത ഫ്ളാറ്റുകള്‍ അടങ്ങിയ അത്യാധുനിക സമുച്ചയം നിര്‍മിക്കുന്നത്. 214.24 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള ഓരോ നിലയിലും നാലു വ്യക്തിഗത ഫ്ളാറ്റുകളുണ്ടാകും. ഓരോ ഫ്ളാറ്റിലും രണ്ട് കിടപ്പുമുറി, ഒരു അടുക്കള, ഒരു ലിവിങ് ഡൈനിങ് ഏരിയ, ശുചിമുറി എന്നിവയാണുള്ളത്. ഏകീകൃത കുടിവെള്ള സംവിധാനവും ഇവിടുണ്ടാകും.

കാരോട് ഫ്ളാറ്റ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കെ.ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെന്‍ഡാര്‍വിന്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാര്‍ജ്ജുനന്‍, ഫിഷറീസ് ഡയറക്ടര്‍ സി.എ ലത, ഡെപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാര്‍, കെ.എസ്.സി.എ.ഡി.സി ചീഫ് എന്‍ജിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി, തദ്ദേശ ജനപ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS